Monday, 12 August 2013

ഇന്ത്യയുടെ കരുത്ത്; മെയ്ഡ് ഇന്‍ കൊച്ചി

Do you want to share?

Do you like this story?

കടലതിര്‍ത്തിയില്ലാത്ത രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. പക്ഷേ, 2001 സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെതുടര്‍ന്ന് ഉസാമ ബിന്‍ ലാദനെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച അഫ്ഗാനിസ്ഥാനിലെ ഭരണകൂടത്തിനെതിരെ പോര്‍വിളിക്കായി അമേരിക്ക ആദ്യമയച്ചത് രണ്ട് കൂറ്റന്‍ പടക്കപ്പലുകളാണ് - യുഎസ്എസ് എന്റര്‍പ്രൈസും യുഎസ്എസ് കാള്‍ വിന്‍സണും. രണ്ടും വിമാനവാഹിനികള്‍. 


അഫ്ഗാന്‍ ഭൂമിയില്‍ ആദ്യം പതിച്ച ബോംബുകള്‍ ആ കപ്പലുകളില്‍നിന്നു പറന്നുയര്‍ന്ന വിമാനങ്ങളിnല്‍നിന്ന് വീഴ്ത്തിയവയായിരുന്നു. കപ്പലുകളില്‍ നിന്ന് അയച്ച ക്രൂസ് മിസൈലുകളും. കര കീഴടക്കുന്നതിലും നിയന്ത്രിക്കുന്നതിലും നാവികശക്തിക്കുള്ള പ്രാധാന്യം ആറു നൂറ്റാണ്ടോളമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. യൂറോപ്യന്‍മാര്‍ കടല്‍ മാര്‍ഗ്ഗം മറ്റുദേശങ്ങളിലെത്തി കരപിടിച്ചെടുത്തു തുടങ്ങിയതുമുതല്‍. ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടോളമായി വിമാനവാഹിനികളും അവതരിച്ചുതുടങ്ങിയതാണ്. 

എന്നാല്‍ നാവികശക്തിയില്‍ വിമാനവാഹിനിക്കുള്ള പ്രാധാന്യം ശാക്തികാഭിലാഷമുള്ള മിക്ക രാജ്യങ്ങളും ഇനിയും മനസ്സിലാക്കി വരുന്നതേയുള്ളു. ഇത് ആദ്യമേ മനസ്സിലാക്കിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 1961-ല്‍ മുതല്‍ നാം വിമാനവാഹിനി ഉപയോഗിച്ചുവരികയാണ്. ഇപ്പോഴിതാ നാമത് നിര്‍മ്മിച്ചു തുടങ്ങുകയും ചെയ്തു.

വളര്‍ന്നുവരുന്ന വന്‍ശക്തികളില്‍ വിമാനവാഹിനിയുടെ ആവശ്യം ഏറ്റവുമൊടുവില്‍ മനസ്സിലാക്കിയ രാജ്യമാണ് ചൈന. കഴിഞ്ഞ കൊല്ലമാണ് ചൈനീസ് നാവികസേനയ്ക്ക് ആദ്യത്തെ വിമാനവാഹിനി ലഭിക്കുന്നത്. ഇന്ത്യന്‍ നേവിയുടെ 50 കൊല്ലം പിന്നിലെന്ന് പറയാം. വെറും കണക്കിനുവേണ്ടി കാലഗണന നടത്തിയതല്ല. ശാക്തികതന്ത്രപരമായ മറ്റൊരു കാര്യം ഈ കണക്കിലുണ്ട്. അത് വിശദീകരിക്കാം.

കടലിന്റെ റാണിയെന്നോ നാവികസേനയുടെ റാണിയെന്നോ വിമാനവാഹിനിയെ വിളിക്കാം. ഒറ്റയ്ക്കല്ല റാണിയുടെ സഞ്ചാരം. എപ്പോഴും തോഴിമാരൊന്നിച്ചാവും. രണ്ടോ മൂന്നോ നശീകരണക്കപ്പലുകള്‍, മൂന്നോ നാലോ ഫ്രിഗേറ്റുകള്‍, വെടിക്കോപ്പും ഭക്ഷണവും വെള്ളവും മറ്റു സാമഗ്രികളും നിറച്ച പിന്തുണക്കപ്പല്‍- ഇത്രയും പേരുമായാണ് സാധാരണസഞ്ചാരം. എവിടെയെങ്കിലും പ്രശ്നമുണ്ടെന്ന് കണ്ടാല്‍ അകമ്പടിക്കാരുടെ എണ്ണം കൂട്ടും. ഇവയിലെ ആയുധങ്ങള്‍ കൂടാതെ, സ്വന്തം ഡെക്കിലെ പോര്‍വിമാനങ്ങള്‍, മിസൈലുകള്‍, ഹെലികോപ്റ്ററുകള്‍ എന്നീ ആയുധങ്ങള്‍ വേറെ.

ഇത്രയും ശക്തിയുണ്ടെങ്കില്‍ റാണിക്ക് ഒരു കടല്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ സ്വന്തം നിയന്ത്രണത്തിലോ സ്വാധീനത്തിലോ ആക്കാന്‍ കഴിയും. ഒരു റാണിയുടെ വ്യൂഹം അറബിക്കടലിലും മറ്റൊരു റാണിയുടെ വ്യൂഹം ബംഗാള്‍ ഉള്‍ക്കടലിലുമുണ്ടെങ്കില്‍ ഈ രണ്ട് കടലുകളും ഇന്ത്യന്‍ തടാകങ്ങളാക്കിമാറ്റാന്‍ നമുക്കു കഴിയും.

വലിയൊരു വിമാനവാഹിനിക്കപ്പലും കുറേ തോഴിക്കപ്പലുകളും വെറുതേ കടലിലൂടെ റോന്തുചുറ്റിയതുകൊണ്ട് ഇത്രയും വിപുലമായ നിയന്ത്രണശക്തി കൈവരില്ല. ഈ റോന്തുചുറ്റലിന് സങ്കീര്‍ണമായ ചില പ്രത്യേക ഡ്രില്ലുകളും പ്രവര്‍ത്തനശൈലികളുമുണ്ട്. ഡക്കിലെ റഡാറുകളിലൂടെ സദാസമയവും ചക്രവാളങ്ങള്‍ക്കുമപ്പുറത്തുള്ള കടലാകാശത്ത് കണ്ണും നട്ടിരിക്കണം. തീരത്തുള്ള താവളങ്ങളില്‍നിന്ന് പര്യവേഷണവിമാനങ്ങള്‍ കടല്‍ മുഴുവന്‍ എപ്പോഴും പരതിക്കൊണ്ടിരിക്കണം. ആകാശത്തെ റഡാറുകളെപ്പോലെ കടലിനടിയിലെ ഏതു ചലനവും പിടിച്ചെടുത്ത് ശത്രുമുങ്ങക്കപ്പലുകളുടെ നീക്കം ശ്രദ്ധിക്കുന്ന സോണാറുകളുണ്ടാവണം. 

ശത്രു നീക്കങ്ങള്‍ കണ്ടുപിടിച്ചാലുടന്‍ അതിനെ മറികടക്കാനും തകര്‍ക്കാനുമുള്ള ആയുധനീക്കം നടത്തുന്നതിലാണ് സങ്കീര്‍ണ്ണമായ ഡ്രില്ലുകളുടെ ആവശ്യം. അതിസങ്കീര്‍ണ്ണവും അതീവകാര്യക്ഷമവുമായ പ്രവര്‍ത്തനശൈലികളാണ് ഇവിടെ ആവശ്യം. ശത്രുവിന്റെ നീക്കങ്ങള്‍ കൊണ്ട് ഉയരാവുന്ന ഭീഷണിയുടെ ആകെത്തുക കണക്കിലെടുത്ത് അതിനനുസരിച്ചുള്ള ആയുധപ്രയോഗമാണ് നടത്തേണ്ടത്. ചിലപ്പോള്‍ ശത്രു കെണിയൊരുക്കിയെന്നിരിക്കും. ഒരു ഭാഗത്ത് ചെറിയൊരു ചലനമുണ്ടാക്കി റാണിയുടെയും തോഴിമാരുടെയും ശ്രദ്ധ അങ്ങോട്ട് ആകര്‍ഷിച്ച് പിന്നിലൂടെ ആകാശത്തുകൂടിയും സമുദ്രോപരിതലത്തിലൂടെയും സമുദ്രത്തിനടിയിലൂടെയും പ്രഹരിക്കാന്‍ ശത്രു ശ്രമിച്ചേക്കും. ഇത്തരം കെണിയില്‍ പെടാതിരിക്കാനും ശത്രുവിന്റെ ശക്തിയും സാന്നിദ്ധ്യവും അളന്ന് അതിനനുസരിച്ചുള്ള പ്രഹരം നല്‍കാനുമുള്ള ചില ഡ്രില്ലുകള്‍ ഓരോ നാവികസേനയും തയ്യാറാക്കുന്നു. 

തങ്ങളുടെ പ്രഹരശേഷിയും തങ്ങള്‍് നേരിടാനിടയുള്ള ശത്രിവുന്റെ പ്രഹരശേഷിയും അനുസരിച്ചാണ് ഈ ഡ്രില്ലുകള്‍ തയ്യാറാക്കുന്നത്. പുതിയ സാങ്കേതികവിദ്യകള്‍ വരുന്നതനുസരിച്ചും ശാക്തികനിലപാടുകള്‍ മാറുന്നതനുസരിച്ചും ഇവ മാറിക്കൊണ്ടിരിക്കുകയും ചെയ്യും. 
ഒരു പ്രാഥമിക ഡ്രില്‍ തയാറാക്കിയെടുത്ത് അതിനനുസരിച്ച് നാവികവ്യൂഹത്തെയും അതിലെ ഒാഫിസര്‍മാരെയും നാവികരെയും പരിശീലിപ്പിച്ചെടുക്കുന്നതിനു കുറഞ്ഞത് പത്തുകൊല്ലമെടുക്കുമെന്നാണ് കണക്ക്. അങ്ങനെ നോക്കിയാല്‍ വിശ്വസനീയമായ പ്രഹരശേഷിയുമായി ചൈനീസ് നാവികസേനയുടെ റാണിയും തോഴിമാരും കടലിലെത്തണമെങ്കില്‍ ഇനിയും ഒരു ദശകത്തോളം കഴിയണം.

വെറും പ്രെസ്റ്റീജിനുവേണ്ടി 1997-ല്‍ ആദ്യമായി ഒരു വിമാനവാഹിനി കൈക്കലാക്കിയ തായ്ലന്‍ഡിന്റെ കാര്യം നോക്കു. വിശ്വാസ്യമായ പ്രവര്‍ത്തനശൈലിയോ ഡ്രില്ലുകളോ രൂപപ്പെടുത്തിയെടുക്കാന്‍ 16 കൊല്ലമായി ഇനിയും തായ് നാവികസേനയ്ക്ക് സാധിച്ചിട്ടില്ല. എന്തിന്, വിമാനവാഹിനിയുടെ ഡെക്കിലെ വിമാനങ്ങള്‍ പറത്താന്‍ വേണ്ടത്ര പൈലറ്റുമാരെപോലും കിട്ടാതെ വിമാനങ്ങള്‍ അവര്‍ ഏറെക്കുറെ വേണ്ടെന്നുവെച്ചു. (നീളം കുറഞ്ഞ ഡെക്കില്‍ വിമാനങ്ങള്‍ ഇറക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച പൈലറ്റുമാര്‍ക്കേ സാധിക്കൂ.) ഇപ്പോള്‍ ഹൈലിക്കോപ്റ്ററുകള്‍ മാത്രമേ ഈ വിമാനവാഹിനിയില്‍ നിന്ന് പറപ്പിക്കുന്നുള്ളു. ഒടുവില്‍ കേട്ടത്, തായ് രാജകുടുംബത്തിന്റെ ഉല്ലാസസഞ്ചാരത്തിനും പ്രകൃതി”ക്ഷോഭ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായാണ് അവര്‍ വിമാനവാഹിനി ഉപയോഗിക്കുന്നത് എന്നാണ്.

ഒരു വിമാനവാഹിനി മാത്രം മതിയെന്ന് തീരുമാനിച്ചിട്ടുള്ള രാജ്യങ്ങള്‍ പോലും നിലവിലുള്ള വിമാനവാഹിനിയെ ഡീക്കമ്മിഷന്‍ ചെയ്യുന്നതിനുമുന്‍പുതന്നെ അടുത്ത വിമാനവാഹിനി വാങ്ങുന്നതും ഇതേ കാരണത്താലാണ്. നിലവിലുള്ള ടീം വേണം അടുത്ത ടീമിനെ പരിശീലിപ്പിച്ചെടുക്കാന്‍. ഒരു വിമാനവാഹിനിയില്ലാതെ ഏതാനും മാസം കഴിയേണ്ടിവരിക എന്നത് ഇന്ന് ഇന്ത്യന്‍ നാവികസേനയ്ക്ക് ആലോചിക്കാന്‍ പോലുമാവാത്ത അവസ്ഥയാണ്. പരിശീലനം സിദ്ധിച്ച ഓഫിസര്‍മാര്‍ റിട്ടയര്‍ ചെയ്ത് പോകുന്നതിനുമുമ്പ് അവരെക്കൊണ്ട് പുതിയ ടീമിനെ പരിശീലിപ്പിച്ചെടുക്കണം.
ഇത്രയം പ്രധാനമാണ് വിമാനവാഹിനിയെങ്കില്‍ നാവികസുരക്ഷാഭീഷണി നേരിടുന്ന മറ്റു പല രാജ്യങ്ങളും എന്തുകൊണ്ട് വിമാനവാഹിനി വാങ്ങുന്നില്ല എന്ന ചോദ്യം ഉയരാം. ഉദാഹരണത്തിന്, വിമാനവാഹിനിയുള്ള ഇന്ത്യയെ നേരിടുന്ന പാക്കിസ്ഥാന്‍ എന്തുകൊണ്ട് വിമാനവാഹിനി വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്തില്ല? അത് വിശദീകരിക്കാം. 

ഓരോ നാവികസേനയും അവരുടെ ശക്തിയും അവര്‍ നേരിടുന്ന ഭീഷണിയും അനുസരിച്ചാണ് പോരാട്ട സിദ്ധാന്തം തയ്യാറാക്കുന്നത്. ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും തെക്കും കടലാണ്. അളവനുസരിച്ച് ഇന്ത്യയുടെ വാണിജ്യത്തിന്റെ 90 ശതമാനവും മൂല്യമനുസരിച്ച് 77 ശതമാനവും ഈ കടലുകളിലൂടെയാണ്. യുദ്ധമോ ശാക്തികമത്സരമോ ഉണ്ടായാല്‍ ഈ വാണിജ്യം തകര്‍ക്കാനാവും ശത്രു ശ്രമിക്കുക. അതിനാല്‍ കടലിലെ വാണിജ്യമാര്‍ഗ്ഗങ്ങള്‍ക്ക് തടസ്സമുണ്ടാവാതെ പ്രതിരോധിക്കേണ്ടത് നാവികസേനയുടെ കടമയാണ്. കൂടാതെ ശത്രുവിന്റെ വാണിജ്യമാര്‍ഗങ്ങള്‍ തടസ്സപ്പെടുത്താനും നിയന്ത്രിക്കാനും ശ്രമിക്കുകയും വേണം.

ഇതനുസരിച്ച് സമുദ്രനിയന്ത്രണം എന്ന സിദ്ധാന്തമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അതായത് യുദ്ധമുണ്ടായാല്‍ ആവശ്യമുള്ളത്ര കടല്‍ പൂര്‍ണ്ണമായും കീഴടക്കുക. സമുദ്രം പൂര്‍ണ്ണമായി കീഴടക്കാന്‍ സമുദ്രത്തിന്റെ എല്ലാതലത്തില്‍ നിന്നുള്ള ആയുധശക്തിയും ആവശ്യമാണ്. ഉപരിതലം നിയന്ത്രിക്കുന്ന പടക്കപ്പലുകള്‍, വിമാനവാഹനികളില്‍ നിന്ന് പറന്നുയര്‍ന്ന് സമുദ്രാകാശം കീഴടക്കുന്ന വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, സമുദ്രത്തിന്റെ അടിത്തട്ട് നിയന്ത്രിക്കാന്ന അന്തര്‍വാഹിനികള്‍, മിസൈല്‍ ബോട്ടുകള്‍, മൈന്‍ സ്വീപ്പറുകള്‍ ഇങ്ങനെ പലതും. 

ഇതിനെതിരെ പാക്കിസ്ഥാന്‍ സ്വീകരിച്ചിരിക്കുന്നത് സമുദ്രനിഷേധം എന്ന സിദ്ധാന്തമാണ്. സമുദ്രം കീഴടക്കാന്‍ ശ്രമിക്കുന്ന ശത്രുവിന് കടല്‍ നിഷേധിക്കുക. ഈ സിദ്ധാന്തത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് അന്തര്‍വാഹിനികള്‍ക്കും ഉപരിതലത്തിലെ ചെറിയ കപ്പലുകള്‍ക്കുമാണ്. സമുദ്രം കീഴടക്കാനാവശ്യമായ വിമാനവാഹിനി ഇതിനാവശ്യമില്ല. ശത്രുവിനെ ഭയപ്പെടുത്തി ഓടിക്കുക മാത്രമേ ഈ സിദ്ധാന്തില്‍ ലക്ഷ്യമാക്കുന്നുള്ളു. 

ശീതയുദ്ധക്കാലത്ത് വൈരികളായിരുന്ന അമേരിക്കയും സോവിയറ്റ് യൂണിയനും സ്വീകരിച്ച സമുദ്രശക്തിസിദ്ധാന്തങ്ങളും ഇതേ രീതിയില്‍ പരസ്പരം വ്യത്യസ്തമായിരുന്നു. സമുദ്രനിയന്ത്രണത്തില്‍ വിശ്വസിച്ചിരുന്ന അമേരിക്ക വിമാനവാഹിനികള്‍ക്ക് ഊന്നല്‍ നല്‍കി. സമുദ്രനിഷേധത്തില്‍ വിശ്വസിച്ചിരുന്ന സോവിയറ്റ് യൂണിയന്‍ അന്തര്‍വാഹിനികള്‍ക്കും. അമേരിക്കന്‍ നാവികസേന ഏഴും എട്ടും വിമാനവാഹിനികള്‍ ഉപയോഗിച്ച് കടല്‍ അടക്കിവാണപ്പോള്‍ സോവിയറ്റ് യൂണിയന്‍ വെറും രണ്ട് വിമാനവാഹിനിയാണ് നീറ്റിലിറക്കിയിരുന്നത്. ഇന്നും റഷ്യയുടെ പക്കല്‍ ഒരു വിമാനവാഹിനി മാത്രമാണുള്ളത്.അമേരിക്കയുടെ പക്കല്‍ പത്തും.

ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. അമേരിക്കയ്ക്ക് നീണ്ട രണ്ട് തീരങ്ങളുണ്ട്. കിഴക്ക് അറ്റ്ലാന്‍റിക് തീരവും പടിഞ്ഞാറ് പസിഫിക് തീരവും. സോവിയറ്റ് യൂണിയനാവട്ടെ സമുദ്രതീരം വളരെ കുറവായിരുന്നു. വടക്കന്‍ തീരങ്ങളെല്ലാം മഞ്ഞുകാലത്ത് ഐസ് നിറഞ്ഞ് ഉപയോഗശൂന്യമായിരുന്നു. പിന്നെ തെക്ക് ചെറിയൊരു കരിങ്കടല്‍ തീരം മാത്രമായിരുന്നു സോവിയറ്റ് യൂണിയന് വര്‍ഷം മുഴുവന്‍ ലഭ്യമായിരുന്നത്. ചുരുക്കത്തില്‍ വേണ്ട്രത്ര സമുദ്രമോ സമുദ്രതീരമോ സോവിയറ്റ് യൂണിയന് ലഭ്യമായിരുന്നില്ല. അതിനാല്‍ സമുദ്രത്തിനടിയിലൂടെ നീങ്ങിയിരുന്ന മുങ്ങിക്കപ്പലുകളായിരുന്നു അനുയോജ്യം.

ഇതേ പ്രശ്നം പാക്കിസ്ഥാനും നേരിടുന്നുണ്ട്. തെക്ക് അറേബ്യന്‍കടല്‍ തീരത്ത് ചെറിയൊരു തീരം മാത്രമാണ് പാക്കിസ്ഥാന് ലഭ്യമായിട്ടുള്ളത്. കറാച്ചിയും പുതുതായി നിര്‍മ്മിച്ച ഗ്വാദോറും കൂടാതെ കാര്യമായ തുറമുഖസൌകര്യമൊന്നമില്ല. മറിച്ചാണ് ഇന്ത്യയുടെ കാര്യം. കിഴക്കും പടിഞ്ഞാറും ദീര്‍ഘമായ തീരവും അനവധി തുറമുഖങ്ങളും ഇന്ത്യക്കുണ്ട്. 

പാക്കിസ്ഥാനും റഷ്യയും നേരിടുന്ന പ്രശ്നം ചൈനയും നേരിടുകയാണ്. കിഴക്ക് സമുദ്രതീരമുണ്ടെങ്കിലും ആ സമുദ്രംപോലും കീഴടക്കിവാഴാനുള്ള നാവിക ശക്തി ഇന്നും ചൈനക്കില്ല. എന്നാല്‍ അതിനുള്ള ശ്രമം ചൈന ആരംഭിച്ചുകഴിഞ്ഞു. വിമാനവാഹിനി കൈക്കലാക്കിയത് ഈ ഉദ്ദേശ്യത്തോടെയാണ്. 

സമുദ്രശക്തി വ്യാപകമാക്കാനുദ്ദേശിക്കുന്ന രാജ്യങ്ങള്‍ക്കും വിമാനവാഹിനി ആവശ്യമാണ്. ഇന്ത്യാ സമുദ്രത്തിലൂടെയുള്ള തങ്ങളുടെ വാണിജ്യമാര്‍ഗ്ഗങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇന്ന് ഇന്ത്യന്‍ നാവികസേനക്കേ സാധിക്കൂ എന്നാണ് പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ വിശ്വാസം. കൂടാതെ, പല വിദേശത്ത് പലയിടങ്ങളിലെ എണ്ണപ്പാടങ്ങളിലും മറ്റും ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവയ്ക്ക് നേരെ ഭീഷണി ഉയര്‍ന്നാല്‍ സംരക്ഷണം നല്‍കേണ്ടതും നാവികസേനയാവും. 

ചുരുക്കത്തില്‍ കൂടുതല്‍ വിപുലമായിക്കൊണ്ടിരിക്കുന്ന സമുദ്രചക്രവാളത്തില്‍ ഇന്ത്യക്ക് സൈനികശക്തി പ്രകടിപ്പിക്കേണ്ടിവരും. ഇതിന് റാണിക്കപ്പലുകളും അവയോടൊപ്പമുള്ള തോഴിക്കപ്പലുകളും ആവശ്യമാണ്. ഇന്ന് നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ഐഎന്‍എസ് വിരാട് എന്ന വിമാനവാഹിനി മാത്രമാണുള്ളത്. അടുത്തകൊല്ലത്തോടെ റഷ്യയില്‍ നിന്ന് പുതുക്കിപ്പണിത് വാങ്ങുന്ന ഐഎന്‍എസ് വിക്രമാദിത്യ എത്തും. 2018-ല്‍ ഇന്ന് കൊച്ചിയില്‍ നീറ്റിലിറക്കുന്ന വിക്രാന്തും. അതോടെ ലോകത്ത് നാവികശക്തിയില്‍ ഇന്ത്യ രണ്ടാമതോ മൂന്നാമതോ സ്ഥാനത്താവുമെന്ന് ഉറപ്പിക്കാം. 

Courtesy: www.manoramaonline.com

YOU MIGHT ALSO LIKE

0 comments:

Post a Comment

Advertisements

Advertisements