Monday, 12 August 2013

സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രകാശ് കാരാട്ട്‌

Do you want to share?

Do you like this story?

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് നടന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മുഖ്യമന്ത്രി ഉടന്‍ രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള എല്‍.ഡി.എഫ് ഉപരോധസമരം സെക്രട്ടേറിയറ്റ് കവാടത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാരാട്ട്. പൊതുസമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ രാജിവെക്കാന്‍ തയാറാകണം. റെയില്‍വെ നിയമന അഴിമതിയില്‍ ബന്ധു ഇടപെട്ടതിനാണ് മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സലിന് രാജിവെക്കേണ്ടിവന്നതെന്ന് കാരാട്ട് ഓര്‍മ്മിപ്പിച്ചു. സമരം നേരിടാന്‍ കേന്ദ്രസേനയെ വിന്യസിച്ചതിനേയും കാരാട്ട് രൂക്ഷമായി വിമര്‍ശിച്ചു. വര്‍ഗീയ ലഹള നിയന്ത്രിക്കാന്‍ അതിര്‍ത്തിസേന കശ്മീരിലാണ് വേണ്ടത്. വിനാശകാലേ വിപരീത ബുദ്ധിയെന്ന് പറഞ്ഞാണ് കാരാട്ട് പ്രസംഗം അവസാനിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. 


ഉപരോധസമരത്തിനായി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍തന്നെ സെക്രട്ടേറിയറ്റിലേക്ക് ഒഴുകി. എട്ട് മണിയോടെ തന്നെ സെക്രട്ടേറിയറ്റിന്റെ മൂന്നു കവാടങ്ങളും ഉപരോധിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരങ്ങളാണ് സെക്രട്ടേറിയറ്റിന്റെ മൂന്നു ഗേറ്റുകളള്‍ക്ക് മുന്നിലും അണിനിരന്നത്. ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയും, ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഢനും സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 

സമരം വിജയിപ്പിക്കാന്‍ എല്‍.ഡി.എഫും നേരിടാന്‍ സര്‍ക്കാറും കച്ചമുറുക്കിയതോടെ തലസ്ഥാന നഗരം സംഘര്‍ഷഭീതിയിലാണ്. കന്റോണ്‍മെന്റ് ഗേറ്റ് പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. രാവിലെ ഏഴ് മണിക്ക് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തി. കന്റോണ്‍മെന്റ് ഗേറ്റിലൂടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും അകത്തുകടന്നത്. ഒമ്പത് മണിക്ക് മഴയെത്തി. എന്നാല്‍ മഴയിലും ആവേശം ചോരാതെ കുടചൂടി പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തു. സമരച്ചൂടിനിടയില്‍ രാവിലെ ഒമ്പത് മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു. പി.ജെ ജോസഫ്, വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ ജയലക്ഷ്മി, പി.കെ അബ്ദുറബ്, അനൂപ് ജേക്കബ് എന്നിവര്‍ മന്ത്രിസഭാ യോഗത്തിനെത്തിയില്ല. 

മന്ത്രിസഭാ യോഗം കഴിഞ്ഞ് കന്റോണ്‍മെന്റ് ഗേറ്റിലൂടെ പുറത്തേക്കിറങ്ങിയ രണ്ട് മന്ത്രിമാരുടെ വാഹനങ്ങള്‍ ബേക്കറി ജംഗ്ഷനില്‍ തടഞ്ഞു. ഇത് പോലീസും സമരക്കാരും തമ്മില്‍ ചെറിയ സംഘര്‍ഷത്തിന് വഴിവെച്ചു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. പ്രവര്‍ത്തകര്‍ പിന്‍വാങ്ങുകയും ചെയ്തു. ഉദ്ഘാടനപ്രസംഗത്തിന് ശേഷം വീണ്ടും ബേക്കറി ജംഗ്ഷനിലേക്ക് പ്രവര്‍ത്തകര്‍ നീങ്ങി. പോലീസ് ഇവരെ തടഞ്ഞു. തുടര്‍ന്ന് പോലീസുമായി വാക്കേറ്റം നടന്നു

കന്റോണ്‍മെന്റ് ഗേറ്റിലേക്ക് വരുന്ന എല്ലാ റോഡുകളും പോലീസ് നിയന്ത്രണത്തിലാണ്. കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള നാല് പ്രധാന പാതകളില്‍ ഞായറാഴ്ച വൈകിട്ടുതന്നെ പോലീസ് നിലയുറപ്പിച്ചുകഴിഞ്ഞു. ഭൂരിഭാഗം മന്ത്രിമാരും താമസിക്കുന്ന വെള്ളയമ്പലം, കവടിയാര്‍ ഭാഗങ്ങളില്‍ നിന്ന് കന്റോണ്‍മെന്റുവരെ 'സുരക്ഷാ ഇടനാഴി' പോലീസ് തീര്‍ത്തു. 

നഗരഹൃദയത്തെ അഞ്ച് മേഖലകളായി തിരിച്ച് പോലീസ് നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു. അഞ്ഞൂറോളം പോലീസുകാരടങ്ങുന്ന ഒന്നാംവലയ സുരക്ഷാസംഘം സെക്രട്ടേറിയറ്റ് മതിലിനുള്ളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് തന്നെ ചുമതലയേറ്റെടുത്തു. കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള നാല് പ്രധാന പാതകളില്‍ ഞായറാഴ്ച വൈകിട്ടുതന്നെ പോലീസ് നിലയുറപ്പിച്ചു.

Courtesy: www.mathrubhumi.com

YOU MIGHT ALSO LIKE

0 comments:

Post a Comment

Advertisements

Advertisements