കൊളംബോ: 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചനം. 1987ല്‍ രാജീവ് ഗാന്ധിയെ തോക്കുകൊണ്ടടിച്ച ശ്രീലങ്കന്‍ നാവീകന്‍ വിജിത ഹോഹന വിജെമുനിയാണ് പ്രവചനം നടത്തിയത്.
രാജീവ് ഗാന്ധിയുടെ കഴുത്തില്‍ തോക്കുകൊണ്ടടിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ച വിജിത ഇപ്പോള്‍ സംഗീത സിഡികളും സ്‌റ്റേഷനി ഉല്പന്നങ്ങളും വില്പന നടത്തുകയാണ്. കൊളംബോയിലെത്തിയ ഇന്ത്യന്‍ റിപോര്‍ട്ടറാണ് ജ്യോതിഷത്തില്‍ നിപുണനായ വിജിതയോട് ഇന്ത്യന്‍ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ആരാഞ്ഞത്.
ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നു വിജിതയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയാകുമെന്നായിരുന്നു മറുപടി. എന്നാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിലായിരിക്കും രാഹുല്‍ പ്രധാനമന്ത്രിയാവുകയെന്നും വിജിത പ്രവചിച്ചു. ദീര്‍ഘകാലം രാഹുലായിരിക്കും ഇന്ത്യയെ നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1987 ജൂലൈ 30നാണ് അക്കാലത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വിജിത തോക്കിന്റെ പാത്തികൊണ്ട് അടിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ഗാര്‍ഡ് ഓഫ് ഓണര്‍ ചടങ്ങിനിടയിലായിരുന്നു ആക്രമണം. ആക്രമണം നടന്നയുടനെ വിജിതയെ സൈനീകര്‍ പിടികൂടി. ആറ് വര്‍ഷത്തെ തടവാണ് വിജിതയ്ക്ക് ശിക്ഷയായി ലഭിച്ചത്.
പിന്നീട് ശ്രീലങ്കന്‍ പ്രസിഡന്റ് ആര്‍ പ്രേംദാസ് വിജിതയ്ക്ക് മാപ്പുനല്‍കി. രണ്ടര വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ജയില്‍ നിന്നും മോചിതനാവുകയും ചെയ്തു.
പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്തെതുടര്‍ന്നായിരുന്നു രാജീവ് ഗാന്ധിയെ ആക്രമിച്ചതെന്ന് വിജിത പറയുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
Courtesy: Vyganews.com
0 comments:
Post a Comment