Sunday, 24 November 2013

അത്തറ്‌ മണക്കുന്ന ഖബര്‍

Do you want to share?

Do you like this story?

അത്തറ്‌ വിറ്റു നടക്കുകയായിരുന്നു ഉമ്പായിച്ച. ദിവസവും രാവിലെ സുബ്ഹി നമസ്‌കാരവും കഴിഞ്ഞു വീട്ടില്‍ നിന്നും പുറപ്പെടുന്ന ഉമ്പായിച്ച കാസര്‍കോട് ടൗണിലും പരിസരപ്രദേശങ്ങളിലും അത്തര്‍ വിറ്റ് നടന്ന് വളരെ വൈകയാണ് കൂടണയാറ്. കാസര്‍കോട് വിട്ട് മറ്റു ജില്ലകളിലേക്ക് പോവുകയാണെങ്കില്‍ ചിലപ്പോള്‍ രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് തിരിച്ചെത്താറുള്ളത്. ഏതായാലും ആയിഷുവിനെയും മക്കളെയും പട്ടിണിക്കിടാതെ പൊന്നുപോലെ നോക്കാനുള്ള വക ഉമ്പായിച്ച അത്തറിലൂടെ കണ്ടെത്തിയിരുന്നു.

അങ്ങനെ അത്തര്‍ വിറ്റ് നടന്നു നടന്നു ഒരു ദിവസം ഉമ്പായിച്ച പെരുമ്പള എന്ന കുഗ്രാമത്തില്‍ എത്തുന്നു. വികസനം എന്നത് അക്ഷരാര്‍ത്ഥത്തില്‍ അന്ന് ആ ഗ്രാമവാസികള്‍ക്ക് ഒരു കടങ്കഥയോ, പണ്ടെങ്ങോ കേട്ട മുത്തശ്ശികഥയോ മറ്റോ ആയിരുന്നു. കടത്ത് തോണിയും കടന്നു അവിടെ എത്തുമ്പോള്‍ നേരം പള പള വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളു.

കടവിന്റെ അടുത്തുള്ള ഖാദര്‍ച്ചാന്റെ ചായക്കടയില്‍ നിന്ന് ഒരു ചായയും ബന്നും കഴിച്ച് ഉമ്പായിച്ച ഒത്തിരി അത്തറുകളുമായി കുന്നും കുഴിയുമുള്ള റോഡുകളില്ലാത്ത വഴികളിലൂടെ മെല്ലെ മെല്ലെ നടക്കാന്‍ തുടങ്ങി. പെട്ടെന്ന് തന്റെ ശ്രദ്ധയില്‍പ്പെടാത്ത ഒരു കല്ലില്‍ തട്ടി മറിഞ്ഞു വീണത് കയ്യിലുള്ള അത്തര്‍ കുപ്പി പൊട്ടി അത്തറ് നാലുപാടും ഒഴുകി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ഉമ്പായിച്ച അതുവഴി നടന്നുപോകുന്നവരുടെ കാലില്‍ കുപ്പികഷ്ണം തറക്കേണ്ടെന്ന് കരുതി തന്റെ കൈയ്യിലുള്ള പച്ച തുണികൊണ്ട് എല്ലാം ഒരുമിച്ചു കൂട്ടി മൂടിക്കെട്ടി ഉമ്പായിച്ച അപ്പോള്‍ തന്നെ അവിടെ നിന്നും മടങ്ങി.



നേരം വെളുത്തപ്പോള്‍ നാട്ടുകാര്‍ കാണുന്നത് ഒരു സുപ്രഭാതത്തില്‍ ഒരു ഖബര്‍ പൊട്ടിമുളച്ചതുപോലെ. മാത്രമല്ല പച്ചതുണികൊണ്ട് മൂടിയ ആ ഖബറില്‍ നിന്ന് സുഗന്ധവും പരക്കുന്നുണ്ട്. അറിഞ്ഞവര്‍ അറിഞ്ഞവര്‍ അവിടെ ഓടിയെത്തി. നാട്ടുകാരായ യുവാക്കളും മറ്റും സംഘടിച്ച് അവിടെ ഒരു മഖ്ബറ തന്നെ കെട്ടിപ്പൊക്കി. ഇവിടെ നിന്ന് പ്രാര്‍ത്ഥിച്ചാല്‍ പല ഉദ്ധഷ്ട കാര്യങ്ങളും സഫലമാകുമെന്ന വിശ്വാസം പലരിലും മുളപൊട്ടി. അങ്ങനെ ആ ഗ്രാമവും മഖ്ബറയും ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ചു. മഖ്ബറ കമ്മിറ്റി വികസിക്കുന്നതോടൊപ്പം നാടും വികസിച്ചു. കുന്നും കുഴിയും നിറഞ്ഞ നടപ്പാതയ്ക്ക് പകരം ടാറിട്ട റോഡുകള്‍ വന്നു. കടത്തു തോണിക്കു പകരം ചന്ദ്രഗിരി പുഴയ്ക്ക് മീതെ പാലം വന്നു. കടകമ്പോളങ്ങള്‍ വര്‍ദ്ധിച്ചു. ചെറിയ ചായക്കടയ്ക്ക് പകരം വലിയ റെസ്റ്റോറന്റുകള്‍ വന്നു. വലിയ വലിയ വാഹനങ്ങള്‍ ഓടുന്നതിന്റെ സുഖം ആ റോഡും പാലവും നാട്ടുകാരും അനുഭവിച്ചറിഞ്ഞു. അങ്ങനെ ഉമ്പായിച്ചാന്റെ അത്തറിലൂടെ ആ ഗ്രാമം പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് കുതിച്ചു.

ഒത്തിരി വര്‍ഷങ്ങള്‍ക്കു ശേഷം ഉമ്പായിച്ച വീണ്ടും ആ ഗ്രാമത്തിലെത്തി. വളരെയധികം വികസിച്ച ആ നാടിന്റെ മുഖച്ചായ കണ്ട് ഉമ്പായിച്ച അന്തം വിട്ടുനിന്നു. അവിടെയുള്ള ഖാദര്‍ച്ചാന്റെ കടയില്‍ നിന്നും ചായ മോന്തിക്കുടിക്കുമ്പോള്‍ ഉമ്പായിച്ച ഖാദര്‍ച്ചാനോട് ഇത്രപെട്ടെന്ന് ഈ നാട് മാറിയതിനെക്കുറിച്ച് അന്വേഷിച്ചു. ഇവിടെ ഒരു ഖബര്‍ മുളച്ച കാര്യവും മറ്റും പറഞ്ഞു. സംസാരപ്രിയനായ ഖാദര്‍ച്ച ഏറെ വാചാലനായി. ഉമ്പായിച്ച ഒന്നും അറിയാത്ത പോലെ ഉള്ളില്‍ ഊറിച്ചിരിച്ചു. തന്റെ പൊട്ടിയ അത്തര്‍കുപ്പികൊണ്ട് നാടിനു ഇത്രയെങ്കിലും പുരോഗതിയുണ്ടായല്ലോ എന്ന സന്തോഷത്തില്‍ അന്ധവിശ്വാസം ജനങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റത്തെയും, ചൂഷണത്തെയും കുറിച്ച് ചിന്തിച്ചു. ഉമ്പായിച്ച അതുവഴി വന്ന ചുവന്ന ബസ്സില്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടു.

അപ്പോള്‍ ഉമ്പായിച്ചയും പറയുന്നുണ്ടായിരുന്നു ' വിശ്വാസം അതല്ലേ എല്ലാം '...


ബഷീര്‍ കരുവാരക്കോട്‌


YOU MIGHT ALSO LIKE

0 comments:

Post a Comment

Advertisements

Advertisements